പ്രതീക്ഷ
ഞെട്ടറ്റു വീഴണം,
കനിയേറിയ കൊമ്പിൽ നിന്ന്.
ഇളംമണ്ണ് പുരണ്ട്
ഉരുണ്ടുതെറിച്ചു താഴേക്ക് ..
വികൃതികളുടെ തളിർചുണ്ടിലെ
ഇത്തിരി പുഞ്ചിരിയാവണം.
അവസാന മധുരനീരും വലിച്ചീമ്പി
നീട്ടിയെറിയപ്പെടുമ്പോൾ,
ഇതുവഴി താണ്ടുന്നവരുടെ
തുടരെ ചവിട്ടേൽക്കപ്പെടുമ്പോൾ,
കർമ്മദോഷങ്ങളുടെ കാഠിന്യം
തൊണ്ടിനുള്ളിലെ നീണ്ട തപസ്സാകുമ്പോൾ,
ശാപമോക്ഷമേകാനൊരു മേഘം
ശിരസ്സിൽ ധാരയാകണം.
ഒടുവിലൊരു പുലരിയിൽ
ആവരണമാകെ കുടഞ്ഞെറിഞ്ഞു,
നനമണ്ണിൽ കൈകുത്തി
തലപൊക്കി ചുറ്റും നോക്കണം.
--സുഭാഷ് പൊതാശ്ശേരി--

punarjani....
ReplyDelete