Posts

Showing posts from October, 2018

ശെരിയാക്കപ്പെട്ട ശരി

Image
ശെരി ആണോ ശരി അല്ലെങ്കിൽ, ശരി ആണോ ശെരി!  ശരിയറിയാനായി ശരികളും ശെരികളും തുലാസ്സേറ്റിയപ്പോൾ ശെരികളുടെ തട്ട് നിലം തൊട്ടു. അങ്ങനെയെങ്കിൽ ശരിയല്ലേ തെറ്റിയത്, അതെങ്ങനെ ശെരിയാക്കും? എങ്കിൽ ശെരി, നമുക്കൊരുമിച്ച് ശരികൾക്കു വേണ്ടിയൊരു കുഴികുത്തി വയ്ക്കാം. --സുഭാഷ് പൊതാശ്ശേരി--

കുമ്പിളിലൊരമ്പിളി

Image
മഞ്ഞുമേലാപ്പ് വിട്ടിങ്ങു പോരൂ കുഞ്ഞുപിഞ്ഞാണ പൊയ്ക നീട്ടുന്നൂ, ഇങ്ങു തെങ്ങിൻ തലപ്പുവരെയെത്തീട്ടു പൊങ്ങി മാനത്തെ പഞ്ഞീലൊളിക്കല്ലേ. വെള്ളക്കൂട്ടിലൊളിപ്പിച്ചു വച്ചൊരാ തള്ളമുയലും തുള്ളും കിടാങ്ങളും, ആർത്തുതിമിർത്തന്നു മാഞ്ചോട്ടിലെ- പ്പാർത്ത കൂരയിലൊത്ത് കളിക്കുവാൻ. മാമു കുഴയ്ക്കുമ്പോൾ ഉപ്പുകൂട്ടിട്ടൊട്ടു പൊള്ളിച്ച പപ്പടമേന്തിയെടുത്തിട്ടും ഇത്തിരി നെയ്യു തൂവിയിട്ടെപ്പോളു- മെന്നമ്മ ഉരുട്ടിയോരുരുളകൾ കട്ടിടാൻ. ചായുറങ്ങുന്നേരം കിളിവാതിലോരത്ത് പേയുറക്കാത്ത പൊള്ളും കിനാക്കളെ പണ്ടു പണ്ടൊരു രാജ്യത്തെ കഥകൊണ്ടു വീശി വീശി തണുപ്പിച്ചടക്കുവാൻ. മഞ്ഞുമേലാപ്പ് വിട്ടിങ്ങു പോരൂ കുഞ്ഞുപിഞ്ഞാണ പൊയ്ക നീട്ടുന്നൂ, മുങ്ങിയെണീറ്റെത്തി കുമ്പിളു കവരണം മങ്ങിയ രാവിന്റെ അമ്പിളിച്ചിരി...                                                                                                 ...