പാതി കുറിച്ചിട്ട വരികൾ ഉമ്മറത്തു വന്ന് കൊഞ്ഞനം കുത്തുന്നു, ഇറങ്ങി കൂടെ വരാൻ യാചിച്ചു പരിഹസിക്കുന്നു വേലിപ്പുറത്തെ പൂചൂടാതെ നിന്ന ചെമ്പരത്തി- ത്തയ്യിന്നുമേളിലൂടെ തലനീട്ടി വിളിക്കുന്നു, തെല്ലുനേരം ചെവിയോർക്കുന്നു, കാലനക്കമില്ലെന്നറിയുന്നു. കാത്തു നിന്ന് മുഷിഞ്ഞ ശേഷിച്ച കവിതയും പിന്തിരിഞ്ഞു നടന്നു. നടന്ന് നടന്ന് നടവഴിക്കറ്റത്തെമ്പാടും നിഴലുകൾക്കൊപ്പം അലിഞ്ഞലിഞ്ഞില്ലാതെയായി. --സുഭാഷ് പൊതാശ്ശേരി--
വാക്കുകളുടെ പ്രവാഹം നിലയ്ക്കുമ്പോൾ വിരലുകൾക്കിടയിൽ നിന്നെ വഴുതിപ്പോകുന്നു, വരികൾക്കിടയിൽ നിശ്ശബ്ദത നിഴലിയ്ക്കുന്നു, മൊഴിയറിയാതെ പകച്ചു നിൽക്കുന്നു, നിലാവുമെന്നെ നോക്കി പല്ലിളിയ്ക്കുമ്പോൾ കറുത്തിരുണ്ട നിഴൽ രൂപങ്ങൾ മുമ്പേ നടക്കുന്നു. എങ്കിലും ഞാനിവിടെ തെളിയാത്ത വരകളാൽ നിൻ്റെ അരൂപിയായ രൂപം വരഞ്ഞിടുന്നു. ഇറുത്തർപ്പിയ്ക്കുവാൻ എൻ്റെ ഹൃദയപുഷ്പവും ശേഷിയ്ക്കുന്നു, വിശ്വദേവകൾ ലക്ഷാർച്ചന ചെയ്ത തിരുവുടലിലെ കാർകൂന്തൽ തുമ്പിൽ അതിലൊന്നെങ്കിലും സ്വീകരിയ്ക്കൂ. --സുഭാഷ് പൊതാശ്ശേരി--
Comments
Post a Comment