തൃപ്തി വരാതെ.
കവിത പറഞ്ഞു,
നിൻ്റെ പരുക്കൻ
വിരലുകളാലെന്നെ
തലോടാതെ,
എനിയ്ക്കു നോവുന്നു.
നീയൊന്നമർത്തി
പുണർന്നതിനാൽ
നുറുങ്ങിപ്പോയെൻ്റെ
അക്ഷര-വടിവ്..
എപ്പോഴും നിൻ്റെ
തൊണ്ടമുഴയിൽ
തട്ടി തടഞ്ഞിഴഞ്ഞ്
എനിക്കുള്ള ലാളനകൾ..
നീ കണ്ണു നനയ്ക്കുമ്പോൾ
മഷിപടർന്നു വിരൂപമായ
എൻ്റെ കൊഞ്ചലുകൾ..
നിൻ്റെ നെഞ്ചിൻ്റെ
പെരുമ്പറ കൊട്ടിനാൽ
എൻ്റെ സ്വരങ്ങൾക്ക്
ആസുര-താളമകമ്പടി..
സദാ വീണ് മുടന്തി,
ചുവടുറയ്ക്കാത്ത
നിൻ്റെ എഴുത്തുകൾ..
ഇനിയെങ്കിലുമീ
തൂലികത്തുമ്പിനാൽ
ഇടക്കിടെ വന്ന് കുത്തി-
നോവിക്കാതിരിയ്ക്കൂ.
Comments
Post a Comment