Posts

പാതിയ്ക്കപ്പുറം

പാതി കുറിച്ചിട്ട  വരികൾ ഉമ്മറത്തു വന്ന് കൊഞ്ഞനം കുത്തുന്നു, ഇറങ്ങി  കൂടെ വരാൻ യാചിച്ചു പരിഹസിക്കുന്നു വേലിപ്പുറത്തെ പൂചൂടാതെ നിന്ന ചെമ്പരത്തി- ത്തയ്യിന്നുമേളിലൂടെ തലനീട്ടി വിളിക്കുന്നു, തെല്ലുനേരം ചെവിയോർക്കുന്നു, കാലനക്കമില്ലെന്നറിയുന്നു. കാത്തു നിന്ന് മുഷിഞ്ഞ ശേഷിച്ച കവിതയും പിന്തിരിഞ്ഞു നടന്നു. നടന്ന് നടന്ന് നടവഴിക്കറ്റത്തെമ്പാടും നിഴലുകൾക്കൊപ്പം അലിഞ്ഞലിഞ്ഞില്ലാതെയായി. --സുഭാഷ് പൊതാശ്ശേരി--

കാലം

കാലമിതെന്തൊരു  ശകടം ! ഒറ്റപ്പൽച്ചക്രത്തിന്നെന്തേ ഇന്നലത്തെക്കാളും മൂർച്ച. അള്ളിപ്പിടിച്ചിരിയ്ക്കയാണ്  നാളുകളെമ്പാടുമൊടുങ്ങുമ്പോൾ ആദ്യവും അന്ത്യവുമൊരു ബിന്ദുവിൽ കൂട്ടിയിടിയ്ക്കും! കഥയിലെ ദാനശീലൻ ബലിയെപ്പോലെ തല കാട്ടികൊടുത്തത് വിനയായി, തെറ്റിപ്പോയ വരയിലൂടെ വളഞ്ഞ് വളഞ്ഞിതെങ്ങോട്ടാണ്? --സുഭാഷ് പൊതാശ്ശേരി--

തൃപ്തി വരാതെ.

കവിത പറഞ്ഞു, നിൻ്റെ പരുക്കൻ വിരലുകളാലെന്നെ തലോടാതെ, എനിയ്ക്കു നോവുന്നു. നീയൊന്നമർത്തി പുണർന്നതിനാൽ നുറുങ്ങിപ്പോയെൻ്റെ അക്ഷര-വടിവ്.. എപ്പോഴും നിൻ്റെ തൊണ്ടമുഴയിൽ തട്ടി തടഞ്ഞിഴഞ്ഞ് എനിക്കുള്ള ലാളനകൾ.. നീ കണ്ണു നനയ്ക്കുമ്പോൾ മഷിപടർന്നു വിരൂപമായ എൻ്റെ കൊഞ്ചലുകൾ.. നിൻ്റെ നെഞ്ചിൻ്റെ പെരുമ്പറ കൊട്ടിനാൽ എൻ്റെ സ്വരങ്ങൾക്ക് ആസുര-താളമകമ്പടി.. സദാ വീണ് മുടന്തി, ചുവടുറയ്ക്കാത്ത നിൻ്റെ എഴുത്തുകൾ.. ഇനിയെങ്കിലുമീ തൂലികത്തുമ്പിനാൽ ഇടക്കിടെ വന്ന് കുത്തി- നോവിക്കാതിരിയ്ക്കൂ.

കാവ്യാർച്ചന

വാക്കുകളുടെ പ്രവാഹം നിലയ്ക്കുമ്പോൾ വിരലുകൾക്കിടയിൽ നിന്നെ വഴുതിപ്പോകുന്നു, വരികൾക്കിടയിൽ നിശ്ശബ്ദത നിഴലിയ്ക്കുന്നു, മൊഴിയറിയാതെ പകച്ചു നിൽക്കുന്നു, നിലാവുമെന്നെ നോക്കി പല്ലിളിയ്ക്കുമ്പോൾ കറുത്തിരുണ്ട നിഴൽ രൂപങ്ങൾ മുമ്പേ നടക്കുന്നു. എങ്കിലും ഞാനിവിടെ തെളിയാത്ത വരകളാൽ നിൻ്റെ അരൂപിയായ രൂപം വരഞ്ഞിടുന്നു. ഇറുത്തർപ്പിയ്ക്കുവാൻ എൻ്റെ ഹൃദയപുഷ്പവും ശേഷിയ്ക്കുന്നു, വിശ്വദേവകൾ ലക്ഷാർച്ചന ചെയ്ത തിരുവുടലിലെ കാർകൂന്തൽ തുമ്പിൽ അതിലൊന്നെങ്കിലും സ്വീകരിയ്ക്കൂ. --സുഭാഷ് പൊതാശ്ശേരി--

പുതുവത്സരം

Image
വരണ്ട  തൊടിയുടെ   വേലിക്കെട്ടിലേക്ക് ചാഞ്ഞ് വേദനകൾക്കപ്പുറമൊരു വസന്താരംഭം കുറിച്ച്, കണ്ണീർ മഴകൾക്കു പിറകെ കർണ്ണികാരങ്ങളുടെ  കാട്  പൂക്കുന്നതും  കാത്തിരിപ്പുണ്ടവർ. --സുഭാഷ് പൊതാശ്ശേരി--

-- ഇത്തിൾ വളളികൾ --

Image
അന്നൊരുനാൾ കാലിൽ തടഞ്ഞു, ഞാൻ തന്നെ കയ്യിലെടുത്ത് മാതൈയ്യിൽ ചുറ്റി വച്ചു. ഇന്നലെ അതിലൂടെ പടർന്ന്, മധുരമാമ്പഴവും കാർന്ന്, മാവിൻ തലപ്പും കടന്ന്, ദംഷ്ട്രയുമായിഴഞ്ഞിഴഞ്ഞ് ആശങ്കകളുടെ ഇത്തിൾ വള്ളികൾ... --സുഭാഷ് പൊതാശ്ശേരി--

തമസ്സിൽ നിന്നും...

അന്ധതയിൽ നിന്നും ത്രാണനം ചെയ്ത അടുക്കുതെറ്റിയ അക്ഷരങ്ങളാണ്, പാട്ടവിളക്കിൻ വെട്ടത്തിലന്നെല്ലാം പതിരു വേറിട്ട വാക്കിനെപ്പുല്കിയും, മീനച്ചൂടിലെ നിലാവു പൊള്ളുമ്പോൾ മിന്നുംമിനുങ്ങിന്റെ വഴിയെ നടന്നും, വായനകളല്ലോ വെളിച്ചത്തിരുത്തി ചിരിപ്പിച്ചു, യാതനകളോ ഇരുട്ടത്തിരുത്തി കരയിച്ചു. വെളിച്ചത്തിരുന്നു വായിക്കുക ജീവിതം വരികൾ കരിപിടിച്ചതെങ്കിലും. --സുഭാഷ് പൊതാശ്ശേരി--